വേമ്ബനാട്ട് കായലില്‍ നീരൊഴുക്ക് കുറയുന്നു

കൊച്ചി: എക്കലും പ്ലാസ്റ്റിക്കും അടിഞ്ഞ് വേമ്ബനാട്ട് കായലില്‍ നീരൊഴുക്ക് വലിയതോതില്‍ കുറയുന്നു. കായലിന്റെ ചില ഭാഗങ്ങളില്‍ നേരത്തേയുണ്ടായിരുന്നതില്‍നിന്ന് 50 ശതമാനത്തിലേറെ നീരൊഴുക്ക് കുറഞ്ഞു. കായലിന്റെ ആഴം പകുതിയിലേറെ കുറഞ്ഞതിനു പിന്നാലെ നീരൊഴുക്ക് തടസ്സപ്പെടുന്നത് പ്രളയരൂക്ഷതയ്ക്കും ഇടയാക്കും. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല നടത്തിയ പഠനങ്ങളാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.

ആലപ്പുഴ ഭാഗത്ത് വേമ്ബനാട്ട് കായലിന്റെ അടിത്തട്ടില്‍ ചുരുങ്ങിയത് 4276 ടണ്‍ പ്ളാസ്റ്റിക് മാലിന്യം അടിഞ്ഞിട്ടുണ്ട്. ഈ ഭാഗത്തെ കായലിന്റെ വിസ്തീര്‍ണം 76.5 ചതുരശ്ര കിലോമീറ്ററാണ്. കായലിന്റെ ഓരോ ചതുരശ്ര കിലോമീറ്റര്‍ അടിത്തട്ടിലും ശരാശരി 55.9 ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞിട്ടുണ്ടെന്നാണു കണ്ടെത്തല്‍. കായലിന്റെ കൊച്ചിമേഖലയിലും ഇതിനോടടുത്ത തോതില്‍ പ്ലാസ്റ്റിക് മാലിന്യമുണ്ടെന്നാണു കണ്ടെത്തല്‍.

പെരിയാറില്‍നിന്ന് വേമ്ബനാട്ട് കായലിലെത്തുന്ന വെള്ളം തിരിച്ച്‌ മറ്റു വഴികളിലൂടെ കരയിലേക്കുതന്നെ കയറിയതാണ് മധ്യകേരളത്തില്‍ കഴിഞ്ഞ പ്രളയം രൂക്ഷമാക്കിയത്. കായലിലെത്തുന്ന വെള്ളം കടലിലേക്കു പോകാതെ തിരിച്ച്‌ കരയിലേക്ക് ഒഴുകുന്നത് തടസ്സങ്ങള്‍മൂലമാണ്. ഇരുപതു വര്‍ഷത്തിനുള്ളില്‍ പതിനഞ്ചോളം പാലങ്ങളാണ് വേമ്ബനാട്ട് കായലിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ചത്. ഇവയുടെ നിര്‍മാണസമയത്ത് കായലില്‍ അടിഞ്ഞ മാലിന്യങ്ങളും നിര്‍മാണവസ്തുക്കളും പാലത്തിനടിയില്‍ ഇപ്പോഴും കിടക്കുന്നുണ്ട്.

കാലാവസ്ഥാവ്യതിയാനംമൂലം ലോകത്ത് ആദ്യം ഇല്ലാതാകുന്ന ദുര്‍ബലമേഖലയാണ് വേമ്ബനാട് കോള്‍ തണ്ണീര്‍ത്തടമെന്ന് കേന്ദ്ര തണ്ണീര്‍ത്തട നിയന്ത്രണ അതോറിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. കാലാവസ്ഥാവ്യതിയാനംമൂലം വേമ്ബനാട്ട് കായലിന്റെ ദുര്‍ബലാവസ്ഥ കൂടുതല്‍ രൂക്ഷമാകുകയാണ്. അടുത്ത അമ്ബതു വര്‍ഷത്തിനകം കേരളതീരത്ത് 50 സെന്റീമീറ്റര്‍ മുതല്‍ ഒരുമീറ്റര്‍വരെ കടല്‍നിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അങ്ങനെവന്നാല്‍ കേരളത്തില്‍ ആദ്യം ഇല്ലാതാകുന്നത് വേമ്ബനാട്ട് കായലും പരിസരവുമായിരിക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

വേമ്ബനാടിനെ സംരക്ഷിക്കണം

വേമ്ബനാട് കായലില്‍ നീരൊഴുക്ക് കുറയുന്നത് ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. വേമ്ബനാട്ട് കായല്‍ നെടുകെയും കുറുകെയും അതിവേഗം ഇല്ലാതാകുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 25 വര്‍ഷത്തിനിടയില്‍ കായലിന്റെ വിസ്തൃതി 30 ശതമാനം കുറഞ്ഞു. ഇതോടൊപ്പം കായലിന്റെ ആഴവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിനു തടയിട്ടില്ലെങ്കില്‍ കേരളത്തിന്റെ അവസ്ഥ ഭീകരമായിരിക്കും.

-ഡോ. എ. രാമചന്ദ്രന്‍, വി.സി., കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Mathrubhumi

Leave a Reply

Your email address will not be published. Required fields are marked *