രാഷ്ട്രീയ ചാണക്യന്റെ തന്ത്രത്തില്‍ 24മണിക്കൂറിനുള്ളില്‍ വീണുടഞ്ഞ് ശിവസേന, അടിയുലഞ്ഞ് എന്‍.സി.പി, അപകടം തിരിച്ചറിഞ്ഞ് പിന്തിരിഞ്ഞ് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷവും പതിവിന് വിപരീതമായി ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ മൗനമാണ് ഇക്കുറി രാഷ്ട്രീയ വിദഗ്ദ്ധര്‍ ഏറെ ചര്‍ച്ചചെയ്തത്. ഏത് വിധേനയും സര്‍ക്കാര്‍ രൂപീകരിക്കുന്ന പതിവ് രീതികളില്‍ നിന്നും വിഭിന്നമായി ഇടഞ്ഞു നില്‍ക്കുന്ന ശിവസേനയെ ഒരു പാഠം പഠിപ്പിക്കുവാനാണ് ബി.ജെ.പി നേതൃത്വം ഇക്കുറി ശ്രമിച്ചത്. എന്നാല്‍ രാഷ്ട്രീയ ചാണക്യനെന്ന പേരില്‍ ബി.ജെ.പിയുടെ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്ന ബി.ജെ.പി അദ്ധ്യക്ഷന്‍ ഇക്കുറി മൗനം പാലിച്ചതെന്തിന്, രാഷ്ട്രീയ വിശകലനങ്ങള്‍ ഇപ്രകാരമാണ്.

വീണുടഞ്ഞ് ശിവസേന

2014ല്‍ നിന്നും വിഭിന്നമായി ഇക്കുറി ബി.ജെ.പിക്കൊപ്പം തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായിട്ടാണ് ശിവസേന മത്സരിച്ചത്.
കഴിഞ്ഞ അഞ്ചുവര്‍ഷവും ഭരണത്തില്‍ ബി.ജെ.പിക്കൊപ്പമുണ്ടായിരുന്നെങ്കിലും നോട്ടുനിരോധനത്തിലടക്കം മോദി സര്‍ക്കാരിന്റെ നയങ്ങളെ പാര്‍ട്ടി മുഖപത്രമായ സാമ്നയിലൂടെ നിശിതമായി വിമര്‍ശിക്കുവാനാണ് ശിവസേന ശ്രമിച്ചിരുന്നത്. എന്നാല്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃമികവില്‍ ഇക്കുറി ബി.ജെ.പി സീറ്റുകള്‍ തൂത്തുവാരുമെന്ന സര്‍വ്വേ ഫലങ്ങള്‍ പുറത്തു വന്നതോടെ ശിവസേന ബി.ജെ.പിക്കൊപ്പം മത്സരിക്കാനിറങ്ങുകയായിരുന്നു. സീറ്റു വിഭജനത്തിലടക്കം മുന്‍പില്ലാത്ത തരത്തില്‍ രമ്യതയില്‍ എത്താനും ഇരുപാര്‍ട്ടിക്കുമായി. എന്നാല്‍ പ്രചരണത്തിനിറങ്ങിയപ്പോഴേക്കും ശിവസേന തങ്ങളുടെ യുവ നേതാവായ ആദിത്യ താക്കറയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുവാന്‍ ആരംഭിച്ചിരുന്നു.

മുന്നണി സംവിധാനത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്കും ശിവസേനക്കും വ്യക്തമായ മേല്‍ക്കൈയോടെ ഭരണത്തിലേറാന്‍ കഴിയുന്ന ഫലമാണ് മറാത്തയുടെ മണ്ണ് നല്‍കിയത്. എന്നാല്‍ സീറ്റുവിഭജന സമയത്ത് മൗനം പാലിച്ച ശിവസേന മുഖ്യമന്ത്രി കസേരയ്ക്കായി വിലപേശല്‍ ആരംഭിച്ചതോടെയാണ് പതിവിന് വിപരീതമായി കളം മാറ്റി ചവിട്ടാന്‍ ബി.ജെ.പി ശ്രമിച്ചത്. സര്‍ക്കാരുണ്ടാക്കാന്‍ തങ്ങളില്ലെന്ന വ്യക്തമായ സന്ദേശം ഗവര്‍ണര്‍ക്ക് കൈമാറുവാനായിരുന്നു ഡല്‍ഹിയില്‍ നിന്നും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് ലഭിച്ച നിര്‍ദ്ദേശം. പിന്നാലെ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശ വാദത്തെ ഉയര്‍ത്തിപ്പിടിച്ച ശിവസേന എന്‍.സി.പി വഴി കോണ്‍ഗ്രസ് പിന്തുണയ്ക്ക് ശ്രമിച്ചു.

കേന്ദ്രത്തില്‍ ബി.ജെ.പിക്കൊപ്പം ഭരണം പങ്കിടുന്ന ശിവസേന ആ ബാന്ധവം ഉപേക്ഷിക്കണമെന്ന വ്യവസ്ഥയാണ് എന്‍.സി.പി മുന്നോട്ട് വച്ചത്. ഇതേ തുടര്‍ന്ന് ശിവസേന തങ്ങളുടെ കേന്ദ്രമന്ത്രിയായ അരവിന്ദ് സാവന്തിനെ രാജിവയ്പിച്ചു. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയ്ക്ക് എന്‍.സി.പിയാണ് മുന്‍കൈ എടുത്തത്. എന്നാല്‍ രാവേറെയായിട്ടും അനുകൂലമായ നീക്കങ്ങളുണ്ടാവാതിരുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മോഹം ശിവസേന ഉപേക്ഷിക്കുകയായിരുന്നു. ഒരു ദിവസം ഇരുട്ടി വെളുത്തപ്പോള്‍ ഉത്തരത്തിലിരുന്ന മുഖ്യമന്ത്രി സ്ഥാനം കിട്ടിയതുമില്ല കക്ഷത്തിലിരുന്ന കേന്ദ്രമന്ത്രി സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു എന്ന അവസ്ഥയിലാണ് ശിവസേന. ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അധികാരങ്ങളുടെ പിന്നാലെ പോകാതിരുന്ന താക്കറെ കുടുംബത്തിന് വന്‍ തിരിച്ചടി നല്‍കാന്‍ അമിത് ഷായുടെ തന്ത്രത്തിലൂടെ ബി.ജെ.പിക്കായി.

അടിയുലഞ്ഞ് എന്‍.സി.പി

അധികാരത്തിന്റെ പിന്നാമ്ബുറത്ത് ഏറെ നാളായി അലയുന്ന എന്‍.സി.പിക്ക് സംസ്ഥാനത്തെ ഭരണം ലഭിക്കേണ്ടത് ഏറെ ആവശ്യകതയാണ്. ശരത് പവാറല്ലാതെ മറ്റൊരു നേതാവിനെ ഉയര്‍ത്തിക്കാട്ടുവാന്‍ ബുദ്ധിമുട്ടുന്ന പാര്‍ട്ടിയെ വാര്‍ദ്ധക്യാവസ്ഥയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നയിക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ല. 2014 ശിവസേനയുമായി ബി.ജെ.പി തര്‍ക്കമുണ്ടായപ്പോള്‍ സ്വയമേധ സര്‍ക്കാരിന് പിന്തുണ നല്‍കാമെന്ന് അറിയച്ച പാര്‍ട്ടിയാണ് എന്‍.സി.പി. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ അവിടെ രാഷ്ട്രീയ സാഹചര്യത്തിനൊത്ത് കളം മാറുന്ന ചരിത്രമാണ് എന്‍.സി.പിക്കുള്ളത്. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സ്വന്തം പാളയത്തില്‍ നിന്നും നേതാക്കള്‍ ബി.ജെ.പിയിലേക്ക് കൂട് മാറിയത് എന്‍.സി.പിയെ തളര്‍ത്തിയിരുന്നു. എന്നാല്‍ പുനെയുള്‍പ്പടെയുള്ള മേഖലയില്‍ അപ്രതീക്ഷിത വിജയം നേടിയതാണ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ കറുത്ത കുതിരയാവാന്‍ എന്‍.സി.പിക്ക് കഴിഞ്ഞത്. എന്നാല്‍ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയെന്ന നിലയില്‍ എന്‍.സി.പിയെ ഗവര്‍ണര്‍ ക്ഷണിച്ചെങ്കിലും സര്‍ക്കാരുണ്ടാക്കാനില്ലെന്ന നിലപാടാണ് എന്‍.സി.പി സ്വീകരിച്ചത്.

അപകടം തിരിച്ചറിഞ്ഞ് പിന്തിരിഞ്ഞ് കോണ്‍ഗ്രസ്

ബി.ജെ.പി ഇതര സര്‍ക്കാരിന് പിന്തുണ എന്ന പതിവ് പല്ലവിയാണ് മഹാരാഷ്ട്രയുടെ കാര്യത്തിലും കോണ്‍ഗ്രസിന് മുന്നിലുണ്ടായിരുന്ന ആശയം. എന്നാല്‍ ബി.ജെ.പിയുടെ അതേ പാതയില്‍ ഹിന്ദുത്വ ആശയങ്ങള്‍ കുറച്ചു കൂടി തീവ്രമായി പിന്തുടരുന്ന ശിവസേനയുമായുള്ള കൂട്ടുകെട്ട് രാജ്യത്താകമാനം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി എത്തിയത്. മഹാരാഷ്ട്രയിലെ നേതാക്കളില്‍ ഭൂരിഭാഗവും സര്‍ക്കാരുണ്ടാക്കാന്‍ സഹായിക്കണമെന്ന ആവശ്യം ഹൈക്കമാന്റിനു മേല്‍ ഉന്നയിച്ചിരുന്നു. ഡല്‍ഹിയില്‍ രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് വൈകിട്ട് നാലുമണിക്ക് വിശദമായ യോഗം ചേര്‍ന്നത്. രണ്ടര മണിക്കൂര്‍ വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനത്തിലെത്തിയില്ല. മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ക്കും അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും ഹിന്ദുത്വ പാര്‍ട്ടിയായ ശിവസേനയുമായുള്ള സഖ്യത്തോട് താത്പര്യമില്ലായിരുന്നു. എന്നാല്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ഉള്‍പ്പെടെ സഖ്യമാവാമെന്ന നിലപാടാണെടുത്തത്.

മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലൂടെ കുറച്ചു നാള്‍ കടന്നുപോകുവാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒരു പക്ഷേ ആറുമാസത്തിനകം മറ്റൊരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചേക്കാം. രാഷ്ട്രീയ തീരുമാനങ്ങള്‍ മാറിമറിയുന്ന കാലത്ത് ബി.ജെ.പിയുമായി കൂടിച്ചേര്‍ന്ന് ശിവസേന ഇക്കുറിയും വിട്ടുവീഴ്ചകളോടെ ഒരു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളഞ്ഞുകൂട.

TheLogicalNews

Disclaimer: This story is auto-aggregated by a computer program and has not been created or edited by TheLogicalNews. Publisher: Kerala Kaumudi

Leave a Reply

Your email address will not be published. Required fields are marked *